Tuesday, August 26, 2008

എന്നാലും എന്റെ ചക്കരേ ...

എന്റെ എല്ലാമെല്ലാമായ ചക്കരക്ക് ...
നീ എന്റെ ജീവിതത്തില്‍ കടന്നു വന്നിട്ട് എത്ര നാളായി ? കഷ്ടിച്ച് ഏതാനും മാസങ്ങള്‍ മാത്രം . എനിക്ക് നീ ആരെന്നത് ഇപ്പോഴും എന്റെ മനസ്സിനെ അലട്ടുന്ന ചോദ്യം.
എന്റെ എല്ലാം എല്ലാം ആണെന്ന് പറയുന്നതാകും ശരി .ഒന്ന് മാത്രം അറിയാം.
നീ ഇല്ലെങ്കില്‍ എനിക്കൊരു ജീവിതം ഇല്ല .എന്നും ടെന്‍ഷന്‍ മാത്രം ആണ് നീ തന്നതെങ്കിലും എന്നെ ദ്രോഹിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുക എന്നത് ശീലമാക്കിയ നിന്നെ പക്ഷെ എനിക്ക് വെറുക്കാന്‍ കഴിയാതതെന്ത് കൊണ്ട് ?
നാട്ടിലായിരുന്നപ്പോള്‍ ഇതിനു മുന്‍‌പ് രണ്ടു പേര്‍ ഇ സ്ഥാനത്ത് ഉണ്ടായിരുന്നു.
ഓരോരുത്തര്‍ക്കും ഗ്ലാമര്‍ പോര എന്ന് തോന്നിയത് കൊണ്ടാണല്ലോ പുതിയവളെ തേടി ഞാന്‍ വന്നത് . എന്നാലും നീ വിദേശത്ത് ആണെങ്കിലും ഗ്ലാമര്‍ ഉണ്ടെങ്കിലും സ്വഭാവം മറ്റേതു തന്നെ.

നീ എന്നെ ഇങ്ങോട്ട് തേടി വന്നതാണോ ? ഹേ അല്ല. ഞാന്‍ അങ്ങോട്ട്‌ തേടി വരുകയയിരുന്നല്ലോ. ആദ്യം കണ്ട മാത്രയില്‍ തന്നെ ഇഷ്ടപ്പെട്ടു. ഇവള്‍ എനിക്കുള്ളത് തന്നെ . ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. കിട്ടാന്‍ വേണ്ടി മനസ്സുരുകി പ്രാര്‍ത്ഥിച്ചു . എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടത് കൊണ്ടോ അതോ *നിന്നെ എനിക്ക് കൈ പിടിച്ചു തന്ന ആ നല്ല മനുഷ്യന്റെ* കഷ്ടകാലതിനാണോ എന്നറിയില്ല നീ എന്റെതും ഞാന്‍ നിന്റെത് മാത്രവും ആയി .
-- എന്റേത് മാത്രം എന്റേത് മാത്രം എന്ന് മനസ്സില്‍ ഉരുവിട്ട് കൊണ്ട് നിന്നോട്‌ ഞാന്‍ കാണിച്ച അത്മാര്‍‌ത്ഥത ...
അതില്‍ തരിമ്പിനു പോലും വില കൊടുക്കാതെ നീ എന്നോട് കാണിച്ച വഞ്ചന...
നിന്നോട്‌ അടുത്തപ്പോള്‍ ആണ് അറിഞ്ഞത്..എന്നെ പോലെ ഹതഭാഗ്യരായ നിരവധി പേര്‍ നിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്നു. ആദ്യമൊക്കെ വിഷമം തോന്നി.
പിന്നെ പതുക്കെ പൊരുത്തപെട്ടു..അങ്ങനെ അല്ലെ വിവേകമുള്ളവര്‍ ചെയ്യൂ..നീ ഓര്‍ക്കുന്നില്ലേ ? ഇന്റര്‍നെറ്റ് വഴിയായിരുന്നു തുടക്കം. അന്നൊരു സായം സന്ധ്യയില്‍..ഞാന്‍ ഇന്റര്‍‌നെറ്റിന്റെ ആഴക്കയങ്ങളിലേക്ക് മുങ്ങാം കുഴി ഇടുന്ന സമയം. ദൂരെ കണ്ടു.. ഒരു മിന്നല്‍ പോലെ. നിന്നെ . ..ഓടി അടുത്ത് വന്നത് ഓര്‍ക്കുന്നുവോ?.
എന്നെയും പ്രതീക്ഷിച്ചെന്ന പോലെ നീ നില്‍ക്കുന്നു.
ഒന്നും ആലോചിച്ചില്ല. ആവശ്യം നമ്മുടെതല്ലേ ?
കേറി മുട്ടി. അപ്പോഴാണ്‌ അറിയുന്നത് നീ എന്റെ വരവും കാത്തിരിക്കുകയായിരുന്നു. എന്ന്. മുജ്ജന്മബന്ധം എന്നൊക്കെ പറയുന്നത് ഇതിനാണോ എന്ന് ഞാന്‍ ആദ്യം സംശയിച്ചത് അന്നായിരുന്നു. പിന്നീടങ്ങോട്ട് ഫോണ്‍ വിളിയും ഈ മെയില്‍ സന്ദേശവും .
എന്നെ സ്വന്തമാക്കാന്‍ നിനക്ക് എന്ത് ആവേശമായിരുന്നു. എനിക്ക് നിന്നെയും...
ആവശ്യം എനിക്കും നിനക്കും ഒരു പോലായിരുന്നല്ലോ. നമ്മള്‍ ഒന്നായ ദിവസം.
അത് ഞാന്‍ നമ്മള്‍ ഒരു ആഘോഷമാക്കുകയായിരുന്നു. ഓര്‍ക്കുന്നുവോ ?
കൂട്ടുകാരെയും വീട്ടുകാരെയും എല്ലാം വിളിച്ചറിയിച്ചു . അന്നത്തെ ദിവസം മറക്കാനാവാത്ത ഒരു ഉല്‍സവമാക്കി.

നമ്മുടെ മധുവിധു കാലഘട്ടം .അതായിരുന്നു കൂടുതല്‍ സുന്ദരം. പരസ്പരം അടുത്തറിഞ്ഞ്‌. കൂടുതല്‍ നിബന്ധനകള്‍ ഒന്നും ഇല്ലാതെ, എനിക്കെന്ത് രസമായിരുന്നു. നിനക്കും അങ്ങനെ തന്നെ ആയിരിക്കും എന്നാ ഞാന്‍ കരുതിയത്. പക്ഷെ ...എന്നേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ട് നിനക്കെന്നു ഞാന്‍ അറിഞ്ഞത് നമുക്കിടയില്‍ ലേശം വിള്ളല്‍ ഉണ്ടാക്കിയോ ?
ഹേ എനിക്കങ്ങനെ തോന്നിയിട്ടില്ല. ബഹുമാനം കൂടിയിട്ടെ ഉള്ളൂ..നിന്നെ കിട്ടിയതിനു ശേഷം ഇന്നുവരെ ഞാന്‍ രാവിലെ എണീറ്റാലും കിടക്കുന്നതിനു മുന്‍പും ഒന്ന് മാത്രമേ പ്രാര്‍‌ത്ഥിച്ചിട്ടുള്ളൂ.. എന്റെതായ കാരണത്താല്‍ നിന്നെ എനിക്ക് നഷ്ടപ്പെടരുതെ എന്ന് മാത്രം. എന്നും എന്റെ ടെന്‍ഷന്‍ നിന്നെ കുറിച്ച് മാത്രം ആയിരുന്നു. ഇന്നലത്തെ എന്റെ നിന്നോടുള്ള പെരുമാറ്റം ശരിയായോ.. നാളെ എങ്ങനെ പെരുമാറണം ?
എന്നൊക്കെ ഓര്‍ത്തു ഉറക്കം കിട്ടാറില്ലായിരുന്നു.
അല്ല എനിക്ക് വേറെ ചിന്തിക്കാനായി സ്വന്തം എന്ന് പറയാന്‍ മറ്റൊന്നും ഇല്ലായിരുന്നല്ലോ..ആദ്യം മുതലേ എനിക്കറിയാമായിരുന്നു. ഇതൊരു ശാശ്വതമായ ബന്ധം അല്ല എന്ന്.

ആദ്യം സംസാരിച്ചപ്പോഴേ നമ്മള്‍ തമ്മില്‍ പിരിയില്ല എന്നായിരുന്നല്ലോ കണ്ടീഷന്‍.
പക്ഷെ രണ്ടു പേരുടേയും മനസ്സില്‍ മറ്റൊന്നയിരുന്നില്ലേ? ഇവനെക്കാള്‍ കേമനെ കിട്ടിയാല്‍ ഇവനെ തട്ടാം എന്ന് നീയും ഇവളേക്കാള്‍സുന്ദരി വന്നാല്‍ ഇവളെ വിടാം എന്ന് ഞാനും മനസ്സില്‍ ഉറപ്പിച്ചിരുന്നു. അല്ലെലും ഈ ലോകത്തില്‍ ഒരു ബന്ധവും ശാശ്വതം അല്ലല്ലോ...
എല്ലാവര്‍‌ക്കും അവരവരുടെ ഉയര്‍ച്ചയാണ്‌ വലുത്.
അതിനിടയില്‍ ഈ വേണ്ടാത്ത സെന്റിമെന്‍സ് ഒക്കെ എന്തിനാ അല്ലെ ?
നമ്മള്‍ പിരിയാന്‍ ഇന്ന് പെട്ടെന്ന് തീരുമാനിച്ചതോന്നും അല്ലാലോ..
എന്നാലും ഒരു വിഷമം. പതിയെ പുത്തന്‍ കൂട്ടുകള്‍ കിട്ടുമ്പോള്‍ മാറുമായിരിക്കും അല്ലെ ?
നീയും വിഷമിക്കണ്ട.
എന്നും എന്റെ മനസ്സില്‍ ഉണ്ടാകും നീ....നിന്നെ കിട്ടിയതിനു ശേഷം എനിക്ക് ജീവിതത്തില്‍ ആകെ കിട്ടിയ സന്തോഷം എന്തായിരുന്നു ? പകലന്തിയോളം നിനക്ക് വേണ്ടി കഷ്ടപ്പെട്ട് ടെന്‍ഷന്‍ അനുഭവിച്ചു....
അവസാനം എല്ലാ മാസവും ഒന്നാം തീയതി അറേബ്യന്‍ ദിര്‍ഹത്തിന്റെ രൂപത്തില്‍
എന്റെ ബാങ്ക് അക്കൌണ്ടില്‍ നീ വന്നിരിക്കുമ്പോള്‍ മാത്രം അല്ലെ എന്റെ കഷ്ടപ്പാടിനു ഒരു അര്‍ഥം ഉണ്ടാകുന്നത് ? അല്ലെന്നു നീ പറയുമായിരിക്കും. എന്നാലും ആ ഒരു ഒന്നാം തീയതിക്ക് വേണ്ടി ആണെടീ...ഞാനടക്കമുള്ള നിന്റെ എല്ലാ കാമുകന്‍മാരും മാസം മുഴുവന്‍ നിന്റെ ആട്ടും തുപ്പും സഹിച്ച് നിന്റെ വിഴുപ്പലക്കുന്നത്.

ഇതെങ്ങനെ നിര്‍ത്തണം എന്നറിയില്ല.എഴുതുമ്പോള്‍ ഞാന്‍ അറിയാതെ വികാരാധീനനായി പോയി നീ ക്ഷമിക്കണം . എന്നെങ്കിലും നമുക്ക് വീണ്ടും കാണാം. അപ്പോള്‍ ഒരു പരിചയഭാവമെങ്കിലും കാണിക്കണേ ...
എന്നാലും എന്റെ ചക്കരേ ...
എന്ന് നിന്റെ സ്വന്തം വിനീതവിധേയന്‍
(ഒപ്പ്)


*നിന്നെ എനിക്ക് കൈ പിടിച്ചു തന്ന ആ നല്ല മനുഷ്യന്റെ* = എന്റെ ഇപ്പോഴത്തെ തൊഴിലുടമ