Wednesday, July 15, 2009

കാലം പോയ പോക്കേ...

ഈശ്വരാ.. ഞാന്‍ അറിഞ്ഞില്ല.എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ കഴിഞ്ഞോ ? ഞാന്‍ ഓര്‍ത്തില്ല. :( ഇപ്പൊ നോക്കിയപ്പോഴല്ലേ കണ്ടത് ..ജൂലൈ പതിമൂന്നു ആയിരുന്നു ആദ്യ പോസ്റ്റ്‌.ഓ പറേന്ന കേട്ടാല്‍ തോന്നും ഇവിടെ പോസ്റ്റുകളുടെ വിളയാട്ടം ആണെന്ന് .എന്തായാലും എന്റെ കള്ളുഷാപ്പില്‍ കേറി അന്തിക്കള്ള് മോന്തിയ എല്ലാ മാന്യ കുടിയന്മാര്‍ക്കും നന്ദി അറിയിച്ചു കൊള്ളട്ടെ. കൂടാതെ എല്ലാവര്ക്കും പിറന്നാള്‍ ആശംസകള്‍.ഇനീം വല്ലപ്പോഴും വന്നു നോക്കണം ട്ടാ..

Saturday, January 31, 2009

ആകെ പ്രശ്നമാണ് മോനേ...

ആകെ പ്രശ്നമാണ് മോനേ...
ചിക്കന്‍ പോക്സ് വന്നാല്‍ ആകെ പ്രശ്നമാണെന്നു നമ്മള്‍ ഇപ്പളല്ലേ അറിയുന്നതു...പറയാനും കേള്‍ക്കാനും ഒക്കെ നല്ല സുഖമുള്ള പേരാണു. നാട്ടില്‍ പോയി തിരിച്ച് ദുഫായ്ക്ക് ലാന്‍ഡ് ചെയ്തിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ.
ഒരു ചെറിയ പനി.അതായിരുന്നു തുടക്കം.ദേഹത്ത് കാണാന്‍ ഭംഗി ഉള്ള ഒരു ചെറിയ കുമിള വന്നപ്പോള്‍ സഹമുറിയന്‍ പറഞ്ഞു അത് പനീടെ കൂടേ വന്നതാരിക്കുംന്ന് ...കാര്യമാക്കിയില്ല. ഒന്ന് രണ്ടായി. രണ്ട് മൂന്നായി.. ഒരു രാത്രി ഇരുട്ടി
വെളുത്തപ്പോളേക്കും:( :( രാവിലെ കണ്ണാടി നോക്കിയപ്പോള്‍.... ഞാനതെങ്ങനെ പറയും ? എന്റെ ശരീരത്തോട് ഉപമിക്കാന്‍ പറ്റിയ ഒരു ചീത്ത സാധനത്തിന്റെയും പേരു ഓര്‍മ്മ വരുന്നില്ല.ആര്‍ക്ക് കണ്ടാലും ഒരു ഉമ്മ തരാന്‍ തോന്നുന്ന എന്റെ മുഖം കണ്ടപ്പോള്‍ ...പഴയ ബ്ലാക്ക് ആന്ദ് വൈറ്റ് സിനിമകളിലെ വില്ലന്മാര്‍ക്ക് മാത്രമേ ഞാന്‍ ഇതിനു മുന്‍പ് ഇത്രയും വൃത്തികെട്ട മുഖം കണ്ടിട്ടുള്ളൂ...പോട്ടെ അല്ലെങ്കിലും ഈ ഗ്ലാമര്‍ കൊണ്ട് നമുക്ക് പണ്ടേ ഒരു ഉപകാരവും ഉണ്ടായിട്ടില്ലല്ലോ...എന്നാലും ഈ മുഖം വെച്ച് ഇനി എങ്ങനെ വെണ്ണ പോലുള്ള ഫിലിപ്പിനോ പെണ്‍പിള്ളേരുടെ മുഖത്ത് നോക്കും.. :(
അതു പോട്ടെ. വേദന. :( അതല്ലേ സഹിക്കാന്‍ കഴിയാത്തത്. ശരീരം മുഴുവന്‍ കുരു പൊങ്ങി നില്‍ക്കാനും കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ! തൊണ്ടയ്ക്കകത്ത് കുരു വന്നതിനാല്‍ ഒരു സാധനം കഴിക്കാന്‍ വയ്യ.പറയാന്‍ പറ്റാത്തയിടത്ത് കുരു വന്നാല്‍ ഉള്ള സുഖം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ട കര്യം ഇല്ലല്ലോ.. :തലയില്‍ നിറയെ കുരു വന്നതിനാല്‍ നോണ്‍ സ്റ്റോപ്പ് തലവേദന. മുടി ഉള്ളതിനാല്‍ ഭാഗ്യം അത്രേം ഭാഗം മറഞ്ഞു കിട്ടും. ദേഹത്ത് മുഴുവന്‍ മുടി ഉണ്ടായിരുന്നെങ്കില്‍ എന്തു നന്നായേനെ...
ഈ പുകച്ചില്‍ അത്...ശത്രുക്കള്‍ക്ക് പോലും വരുത്തല്ലേ എന്നു പ്രാര്‍ഥിക്കാന്‍ മാത്രം ഞാന്‍ അത്ര വിശാലമനസ്കനല്ലാത്തതു കൊണ്ട് എന്റെ എല്ലാ ശത്രുക്കള്‍ക്കും ഈ സുഖം നല്‍കണേ എന്നാണ്‍ ഇപ്പോ എന്റെ പ്രാര്‍ഥന.അല്ലേലും നമുക്ക് വരാനുള്ളത് എവിടെയും തട്ടാതെയും മുട്ടാതെയും കൃത്യമായി തന്നെ വരാറുണ്ടല്ലോ...
ഇതിനെ ദൈവാനുഗ്രഹം എന്നാണു ചിലരുടെ ഒക്കെ വിശ്വാസം എന്നും കേട്ടു. ദൈവം ഇങ്ങനെയൊക്കെ അനുഗ്രഹിക്കാന്‍ തുടങ്ങിയാല്‍ എന്താ ചെയ്യുക !!
ചൊവ്വാഴ്ച വൈകിട്ടാണ്‍ ഡോക്റ്ററേ കാണാന്‍ പോയത്. ന്യൂ മെഡിക്കല്‍ സെന്റര്‍. മലയാളി ഡോക്റ്റര്‍മാരെ (നഴ്സുമാരേം)കാണാം എന്നതാണു ഇവിടേ പോയാല്‍ ഉള്ള ഗുണം. ഡോക്റ്റര്‍ ഒരു നല്ല മനുഷ്യന്‍. നല്ല സംസാരം.അങ്ങേരേ കണ്ടപ്പോള്‍ തന്നെ പകുതി കുരു പോയി എന്നു തോന്നി. അങ്ങേര്‍ എന്റെ ദേഹത്തെ കുരുക്കളെ ഇപ്പോ പിറന്നു വീണ ശിശുക്കളെ നോക്കുന്ന വാത്സല്യത്തോടെ നോക്കി എന്നിട്ടു പറഞ്ഞു .യെസ്. കണ്‍ഫേംഡ്. ചിക്കന്‍ പോക്സ്.
പ്രതീക്ഷിച്ചിരുന്നതിനാല്‍ നമള്‍ക്ക് വലിയ ഞെട്ടല്‍ ഒന്നും ഉണ്ടായില്ല. പിന്നേ മൂപ്പര്‍ കുറേ ഉപദേശങ്ങള്‍ തന്നു. സംസാരം ഒരു മാതിരി മനസ്സിലാകാത്ത ഇംഗ്ഗ്ലീഷിലാണ് . എല്ലാം മനസ്സിലായ പൊലെ ഞാന്‍ ചുമ്മാ തല ആട്ടി ഇരുന്നു. സഹമുറിയന്‍ ഉള്ളതു തന്നെ ആകെ ഉള്ള ധൈര്യം പതിയെ അവനോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാം.
സഹമുറിയന്‍ സംഗതി മനസ്സിലായതോടെ നാട്ടിലേക്കുള്ള റ്റിക്കെറ്റ് ചാര്‍ജൊക്കെ അന്വേഷിച്ചു വെച്ചിരുന്നു.കിട്ടിയ ചാന്‍സ് എന്തിനാ കളയുന്നെ എന്ന് കരുതിക്കാണും
ഡോക്റ്റര്‍ എഴുതാന്‍ പോകുന്ന മരുന്നിനെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്നു.നാലു ദിവസം കഴിച്ചാല്‍ മതിയെന്നും പിന്നെ പ്രശ്നം ഒന്നും ഉണ്ടാകില്ലെന്നും രണ്ട് ആഴ്ച പരിപൂര്‍ണ വിശ്രമം വേണമെന്നും. ചുമ്മാ മരുന്നിന്റെ വിലയെ
പറ്റി ചൊദിച്ചു. ഒരു മുന്നൂറോ നാനൂറൊ ദിര്‍ഹം മാത്രെ ഉണ്ടാകൂ..എന്നു അങ്ങേര്‍ നിസ്സാരമായി പറഞ്ഞെങ്കിലും ഒരു വെള്ളിടി എന്റെ ഉള്ളില്‍ അപ്പോഴെക്കും വെട്ടിയിരുന്നു. പോരാന്‍ നേരത്ത് സഹമുറിയന്‍ ഡോക്റ്ററോട് ചോദിച്ചു.
യു ആര്‍ ഫ്രം ?
പാക്കിസ്ഥാന്‍ എന്നു പറഞ്ഞുകൊണ്ട് ഡോക്റ്റര്‍ ചിരിച്ചു.എന്തിനോ ഞങ്ങള്‍ രണ്ടു പേരും അപ്പോള്‍ ചിരിച്ചു.
മരുന്നു മേടിക്കാന്‍ ഫാര്‍മസിയില്‍ ചെന്നു. മലയാളികളാനു അവിടെ മുഴുവന്‍. മരുന്നു എടുത്തു തന്ന ശേഷം ബില്ലടിക്കുന്നതിനു മുന്‍പ് ഫാര്‍മസിസ്റ്റ് ഇതു തന്നെ വേണോ അതോ വില കുറഞ്ഞത് എടുക്കട്ടേ എന്നു ചൊദിച്ചപ്പോള്‍
അതിന്റെ വില തിരക്കി. ആയിരത്തി മുന്നൂറ്റി നാല്പത് ദിര്‍ഹം . സുഖമായി എയര്‍ ഇന്ത്യയില്‍ നാട്ടില്‍ പോയി സര്‍ക്കാരാശുപത്രീല്‍ കാണിച്ച് അസുഖം മാറ്റിയാലും പണം ബാക്കി പോക്കറ്റില്‍ കിടക്കും. നെരത്തെ വെട്ടിയ
വെള്ളിടി ഒന്നും അല്ലന്ന് എനിക്ക് മനസ്സിലായി.. സഹമുറിയന്റെ മുഖത്തേക്ക് നോക്കി. ഡോക്റ്റര്‍ പാക്കിസ്ഥാന്‍ എന്നു പറഞ്ഞ്
ചിരിച്ചതിന്റെ അര്‍ഥം അപ്പോഴാണു ഞങ്ങള്‍ക്ക് മനസ്സിലായത്.
മുറിയിലെ ഏകാന്തതയ്ക്ക് ഒരു പരിഹാരം കാണാന്‍ തല പുകഞ്ഞ് ആലോചിച്ചു. എത്ര നേരമാ ഉറങ്ങുക, എത്ര നേരമാ ടി വി കാണുക. അങ്ങനെയാണു ബ്ലോഗില്‍ എന്തെങ്കിലും ഇടാം എന്നു കരുതിയത്. കുറേ കാലമായി
ഒന്നിനും സമയം ഇല്ലാതെ ഇരിക്കുകയായിരുന്നല്ലോ.. ഇനി ഇപ്പോ ഇഷ്ടം പോലെ സമയം. കുറേ പഴങ്ങള്‍ ഒക്കെ മേടിച്ചു വെച്ചിട്ടുണ്ട്. പണിയൊന്നും ചെയ്യാതെ മുറിക്കുള്ളില്‍ ഉണ്ടുറങ്ങിയുള്ള ജീവിതം. എന്റെ സ്വപ്നമായിരുന്നു.
ഇത്ര വേഗം സഫലമാകുമെന്ന് കരുതിയില്ല.