Saturday, January 31, 2009

ആകെ പ്രശ്നമാണ് മോനേ...

ആകെ പ്രശ്നമാണ് മോനേ...
ചിക്കന്‍ പോക്സ് വന്നാല്‍ ആകെ പ്രശ്നമാണെന്നു നമ്മള്‍ ഇപ്പളല്ലേ അറിയുന്നതു...പറയാനും കേള്‍ക്കാനും ഒക്കെ നല്ല സുഖമുള്ള പേരാണു. നാട്ടില്‍ പോയി തിരിച്ച് ദുഫായ്ക്ക് ലാന്‍ഡ് ചെയ്തിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ.
ഒരു ചെറിയ പനി.അതായിരുന്നു തുടക്കം.ദേഹത്ത് കാണാന്‍ ഭംഗി ഉള്ള ഒരു ചെറിയ കുമിള വന്നപ്പോള്‍ സഹമുറിയന്‍ പറഞ്ഞു അത് പനീടെ കൂടേ വന്നതാരിക്കുംന്ന് ...കാര്യമാക്കിയില്ല. ഒന്ന് രണ്ടായി. രണ്ട് മൂന്നായി.. ഒരു രാത്രി ഇരുട്ടി
വെളുത്തപ്പോളേക്കും:( :( രാവിലെ കണ്ണാടി നോക്കിയപ്പോള്‍.... ഞാനതെങ്ങനെ പറയും ? എന്റെ ശരീരത്തോട് ഉപമിക്കാന്‍ പറ്റിയ ഒരു ചീത്ത സാധനത്തിന്റെയും പേരു ഓര്‍മ്മ വരുന്നില്ല.ആര്‍ക്ക് കണ്ടാലും ഒരു ഉമ്മ തരാന്‍ തോന്നുന്ന എന്റെ മുഖം കണ്ടപ്പോള്‍ ...പഴയ ബ്ലാക്ക് ആന്ദ് വൈറ്റ് സിനിമകളിലെ വില്ലന്മാര്‍ക്ക് മാത്രമേ ഞാന്‍ ഇതിനു മുന്‍പ് ഇത്രയും വൃത്തികെട്ട മുഖം കണ്ടിട്ടുള്ളൂ...പോട്ടെ അല്ലെങ്കിലും ഈ ഗ്ലാമര്‍ കൊണ്ട് നമുക്ക് പണ്ടേ ഒരു ഉപകാരവും ഉണ്ടായിട്ടില്ലല്ലോ...എന്നാലും ഈ മുഖം വെച്ച് ഇനി എങ്ങനെ വെണ്ണ പോലുള്ള ഫിലിപ്പിനോ പെണ്‍പിള്ളേരുടെ മുഖത്ത് നോക്കും.. :(
അതു പോട്ടെ. വേദന. :( അതല്ലേ സഹിക്കാന്‍ കഴിയാത്തത്. ശരീരം മുഴുവന്‍ കുരു പൊങ്ങി നില്‍ക്കാനും കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ! തൊണ്ടയ്ക്കകത്ത് കുരു വന്നതിനാല്‍ ഒരു സാധനം കഴിക്കാന്‍ വയ്യ.പറയാന്‍ പറ്റാത്തയിടത്ത് കുരു വന്നാല്‍ ഉള്ള സുഖം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ട കര്യം ഇല്ലല്ലോ.. :തലയില്‍ നിറയെ കുരു വന്നതിനാല്‍ നോണ്‍ സ്റ്റോപ്പ് തലവേദന. മുടി ഉള്ളതിനാല്‍ ഭാഗ്യം അത്രേം ഭാഗം മറഞ്ഞു കിട്ടും. ദേഹത്ത് മുഴുവന്‍ മുടി ഉണ്ടായിരുന്നെങ്കില്‍ എന്തു നന്നായേനെ...
ഈ പുകച്ചില്‍ അത്...ശത്രുക്കള്‍ക്ക് പോലും വരുത്തല്ലേ എന്നു പ്രാര്‍ഥിക്കാന്‍ മാത്രം ഞാന്‍ അത്ര വിശാലമനസ്കനല്ലാത്തതു കൊണ്ട് എന്റെ എല്ലാ ശത്രുക്കള്‍ക്കും ഈ സുഖം നല്‍കണേ എന്നാണ്‍ ഇപ്പോ എന്റെ പ്രാര്‍ഥന.അല്ലേലും നമുക്ക് വരാനുള്ളത് എവിടെയും തട്ടാതെയും മുട്ടാതെയും കൃത്യമായി തന്നെ വരാറുണ്ടല്ലോ...
ഇതിനെ ദൈവാനുഗ്രഹം എന്നാണു ചിലരുടെ ഒക്കെ വിശ്വാസം എന്നും കേട്ടു. ദൈവം ഇങ്ങനെയൊക്കെ അനുഗ്രഹിക്കാന്‍ തുടങ്ങിയാല്‍ എന്താ ചെയ്യുക !!
ചൊവ്വാഴ്ച വൈകിട്ടാണ്‍ ഡോക്റ്ററേ കാണാന്‍ പോയത്. ന്യൂ മെഡിക്കല്‍ സെന്റര്‍. മലയാളി ഡോക്റ്റര്‍മാരെ (നഴ്സുമാരേം)കാണാം എന്നതാണു ഇവിടേ പോയാല്‍ ഉള്ള ഗുണം. ഡോക്റ്റര്‍ ഒരു നല്ല മനുഷ്യന്‍. നല്ല സംസാരം.അങ്ങേരേ കണ്ടപ്പോള്‍ തന്നെ പകുതി കുരു പോയി എന്നു തോന്നി. അങ്ങേര്‍ എന്റെ ദേഹത്തെ കുരുക്കളെ ഇപ്പോ പിറന്നു വീണ ശിശുക്കളെ നോക്കുന്ന വാത്സല്യത്തോടെ നോക്കി എന്നിട്ടു പറഞ്ഞു .യെസ്. കണ്‍ഫേംഡ്. ചിക്കന്‍ പോക്സ്.
പ്രതീക്ഷിച്ചിരുന്നതിനാല്‍ നമള്‍ക്ക് വലിയ ഞെട്ടല്‍ ഒന്നും ഉണ്ടായില്ല. പിന്നേ മൂപ്പര്‍ കുറേ ഉപദേശങ്ങള്‍ തന്നു. സംസാരം ഒരു മാതിരി മനസ്സിലാകാത്ത ഇംഗ്ഗ്ലീഷിലാണ് . എല്ലാം മനസ്സിലായ പൊലെ ഞാന്‍ ചുമ്മാ തല ആട്ടി ഇരുന്നു. സഹമുറിയന്‍ ഉള്ളതു തന്നെ ആകെ ഉള്ള ധൈര്യം പതിയെ അവനോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാം.
സഹമുറിയന്‍ സംഗതി മനസ്സിലായതോടെ നാട്ടിലേക്കുള്ള റ്റിക്കെറ്റ് ചാര്‍ജൊക്കെ അന്വേഷിച്ചു വെച്ചിരുന്നു.കിട്ടിയ ചാന്‍സ് എന്തിനാ കളയുന്നെ എന്ന് കരുതിക്കാണും
ഡോക്റ്റര്‍ എഴുതാന്‍ പോകുന്ന മരുന്നിനെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്നു.നാലു ദിവസം കഴിച്ചാല്‍ മതിയെന്നും പിന്നെ പ്രശ്നം ഒന്നും ഉണ്ടാകില്ലെന്നും രണ്ട് ആഴ്ച പരിപൂര്‍ണ വിശ്രമം വേണമെന്നും. ചുമ്മാ മരുന്നിന്റെ വിലയെ
പറ്റി ചൊദിച്ചു. ഒരു മുന്നൂറോ നാനൂറൊ ദിര്‍ഹം മാത്രെ ഉണ്ടാകൂ..എന്നു അങ്ങേര്‍ നിസ്സാരമായി പറഞ്ഞെങ്കിലും ഒരു വെള്ളിടി എന്റെ ഉള്ളില്‍ അപ്പോഴെക്കും വെട്ടിയിരുന്നു. പോരാന്‍ നേരത്ത് സഹമുറിയന്‍ ഡോക്റ്ററോട് ചോദിച്ചു.
യു ആര്‍ ഫ്രം ?
പാക്കിസ്ഥാന്‍ എന്നു പറഞ്ഞുകൊണ്ട് ഡോക്റ്റര്‍ ചിരിച്ചു.എന്തിനോ ഞങ്ങള്‍ രണ്ടു പേരും അപ്പോള്‍ ചിരിച്ചു.
മരുന്നു മേടിക്കാന്‍ ഫാര്‍മസിയില്‍ ചെന്നു. മലയാളികളാനു അവിടെ മുഴുവന്‍. മരുന്നു എടുത്തു തന്ന ശേഷം ബില്ലടിക്കുന്നതിനു മുന്‍പ് ഫാര്‍മസിസ്റ്റ് ഇതു തന്നെ വേണോ അതോ വില കുറഞ്ഞത് എടുക്കട്ടേ എന്നു ചൊദിച്ചപ്പോള്‍
അതിന്റെ വില തിരക്കി. ആയിരത്തി മുന്നൂറ്റി നാല്പത് ദിര്‍ഹം . സുഖമായി എയര്‍ ഇന്ത്യയില്‍ നാട്ടില്‍ പോയി സര്‍ക്കാരാശുപത്രീല്‍ കാണിച്ച് അസുഖം മാറ്റിയാലും പണം ബാക്കി പോക്കറ്റില്‍ കിടക്കും. നെരത്തെ വെട്ടിയ
വെള്ളിടി ഒന്നും അല്ലന്ന് എനിക്ക് മനസ്സിലായി.. സഹമുറിയന്റെ മുഖത്തേക്ക് നോക്കി. ഡോക്റ്റര്‍ പാക്കിസ്ഥാന്‍ എന്നു പറഞ്ഞ്
ചിരിച്ചതിന്റെ അര്‍ഥം അപ്പോഴാണു ഞങ്ങള്‍ക്ക് മനസ്സിലായത്.
മുറിയിലെ ഏകാന്തതയ്ക്ക് ഒരു പരിഹാരം കാണാന്‍ തല പുകഞ്ഞ് ആലോചിച്ചു. എത്ര നേരമാ ഉറങ്ങുക, എത്ര നേരമാ ടി വി കാണുക. അങ്ങനെയാണു ബ്ലോഗില്‍ എന്തെങ്കിലും ഇടാം എന്നു കരുതിയത്. കുറേ കാലമായി
ഒന്നിനും സമയം ഇല്ലാതെ ഇരിക്കുകയായിരുന്നല്ലോ.. ഇനി ഇപ്പോ ഇഷ്ടം പോലെ സമയം. കുറേ പഴങ്ങള്‍ ഒക്കെ മേടിച്ചു വെച്ചിട്ടുണ്ട്. പണിയൊന്നും ചെയ്യാതെ മുറിക്കുള്ളില്‍ ഉണ്ടുറങ്ങിയുള്ള ജീവിതം. എന്റെ സ്വപ്നമായിരുന്നു.
ഇത്ര വേഗം സഫലമാകുമെന്ന് കരുതിയില്ല.

35 comments:

രായപ്പൻ said...

“യു ആര്‍ ഫ്രം ?
പാക്കിസ്ഥാന്‍ എന്നു പറഞ്ഞുകൊണ്ട് ഡോക്റ്റര്‍ ചിരിച്ചു.എന്തിനോ ഞങ്ങള്‍ രണ്ടു പേരും അപ്പോള്‍ ചിരിച്ചു.“ ഹി ഹി.....

Smitha P. said...

എന്നാലും ശത്രുക്കളോടു ഇത്ര സ്നേഹമാണെന്നറിഞ്ഞ്പ്പോള്‍ ഒരു കാര്യം ഞാനങ്ങു ഉറപ്പിച്ചു.... ഇനി ഈ ഗ്ലാമര്‍ പയ്യന്‍സു എന്നോട് പിണങ്ങിയാല്‍ പോലും ഞാന്‍ പിണങ്ങുകേലെന്ന്....

ങ്ഹേ... അന്തിക്കള്ളു മോന്തി ഞാന്‍ ഫിറ്റായൊ....ഇല്ലല്ലൊ....

...പകല്‍കിനാവന്‍...daYdreamEr... said...

കൊള്ളാട്ടോ ഈ എഴുത്ത്... !!

മുസാഫിര്‍ said...

ചിക്കന്‍ പോക്സിനു മരുന്നൊന്നും കഴിക്കാതിരിക്കുന്നതല്ലെ നല്ലത് ?

കുമാരന്‍ said...

നന്നായിരിക്കുന്നു...
അസുഖമല്ല..
എഴുത്ത്.

നിരക്ഷരന്‍ said...

:)

Bindhu Unny said...

ചിക്കന്‍ പോക്സ് മാറാനായി ഇത്ര വിലയുള്ള മരുന്നോ? ഇത് സംബന്ധമായി വരുന്ന മറ്റ് അസുഖങ്ങള്‍ക്കല്ലേ (പനി, ദേഹം/തല വേദന) മരുന്ന് കഴിക്കാറുള്ളൂ? പുതിയ മരുന്നാവും. :-)

ഷമ്മി :) said...

രായപ്പാ ..സ്മിതാ പകല്‍ കിനാവന്‍ ..കുമാരന്‍ .നിരക്ഷരന്‍ ..നന്ദി ...
മുസാഫിര്‍ ചിക്കന്‍ പോക്സിനു മരുന്ന് കഴിചില്ലെലും മാറും. പക്ഷെ അസ്വസ്ഥത കുറയ്ക്കാന്‍ മരുന്നുകള്‍ സഹായിക്കും.
ബിന്ദു ചേച്ചി ഇത് ചര്‍മസംബന്ധമായ ഒരു അസുഖം ആണ് എന്നാണ് എന്റെ അറിവ്. fever ഒക്കെ അതിന്‍റെ ഭാഗം ആണ്.ഈ അസുഖത്തിന്റെ ഒരു ടാബ്ലെടിനു ആറായിരം രൂപ വരെ വില ഉള്ളതായി ഞാന്‍ കേട്ടിട്ടുണ്ട് ...എനിക്ക് ഡോക്ടര്‍ എഴുതി തന്നത് veltrex എന്നാ മരുന്നാണ്. ഇത് മുഴുവന്‍ കോഴ്സ് ചെയ്തു കഴിയുമ്പോളേക്കും ഇന്ത്യന്‍ രൂപ പതിനഞ്ചായിരം ആകും . വെറും നാല് ദിവസത്തേക്ക് ..
എല്ലാവര്‍ക്കും നന്ദി വീണ്ടും വരിക

മാണിക്യം said...

ചിക്കന്‍ പോക്സിന്റെ സുഖം !!
അന്ന് ബ്ലോഗില്ലാഞ്ഞകൊണ്ട്
എഴുതാന്‍ പറ്റീല്ല...ചിക്കന്‍ പൊക്‍സ് പൊടിപ്പും തൊങ്ങാലും വച്ച അനുഭവിച്ചതാ. അത് ഒറ്റക്ക് അനുഭവിക്കുന്ന പോലെയല്ല 2 വയസ്സും 10 വയസ്സും ഉള്ള രണ്ട് മക്കള്‍ക്കും കൂടെ ചേര്‍ന്ന് വരണം രാത്രി മൊത്തം ഉണര്‍ന്നിരിക്കണം. കരയുന്ന കുട്ടിയേ തോളില്‍ ഇട്ട് നടക്കണം ..എന്നിട്ട് ചിക്കന്‍ പൊക്സ് ഒരു ആഘോഷമായി!!
അന്ന് ആണു സുഖം സുഖം എന്ന് പറയുന്നത് അനുഭവിച്ചത്
എട്ട് നിലയില്‍ ഹാ ഹാ ഹാ
അതാണ് മോനേ ചിക്കന്‍ പോക്സ്!
അന്നു വരെയുള്ള സുഹൃത്തുക്കള്‍ ആവഴി പോയാലും വീട്ടില്‍ വരില്ല.. പിന്നെ ഇന്ന് അലോചിക്കുമ്പോള്‍ നല്ല രസം!
ബാച്ചിലര്‍ ആയിട്ട് ഇരിക്കുമ്പോള്‍ വരുന്നതാ നല്ലത്..

പക്ഷേ ആകെ Calamine Lotion, Thavajil Tablets[ചൊറിച്ചില്‍].. പനിയുള്ളപ്പോള്‍ penadol ഇതേ ഉപയോഗിച്ചുള്ളു ..

ശങ്കര്‍ said...

ഈ ചിക്കന്‍പോക്സെന്നു പറയുന്ന സാധനം നല്ല കള്ളു കുടിച്ചാല്‍ മാറൂന്നേ, അല്ല പിന്നെ.

ഷമ്മി :) said...

ശന്കര്‍ജി.. അല്ലെന്കിലും നമുക്ക് നല്ല കാര്യങ്ങള്‍ വേണ്ട നേരത്ത് തോന്നൂലല്ലോ... നേരത്തെ അറിഞ്ഞിരുന്നെന്കില്‍..
നന്ദി :)..

priya said...

ഇനി നിനക്ക് പേടിക്കണ്ടെടാ, ഒരിക്കല്‍ വന്നാ പിന്നെ ഇദ്ദേഹം വരില്ല..(ചിക്കണ്ണന്‍).. കൊള്ളാം.. വെള്ളം ചേര്‍ക്കാതെ എഴുതീട്ടുണ്ട്... അത് കൊണ്ട് ഫിറ്റായി.. ഹിഹിഹ്.. പോരട്ടെ ഇനീം..അടുത്ത പോക്സ്..സോറി പോസ്റ്റ്..

ഗൗരി നന്ദന said...

ഷമ്മീ..നമ്മള്‍ നല്ല കൂട്ടുകാരല്ലേ?? ശത്രുവല്ലല്ലോ ല്ലേ???

ഗ്ലാമര്‍ ഇപ്പോള്‍ തിരിച്ചു കിട്ടി കാണും ന്നു പ്രതീക്ഷിക്കുന്നു.....

Binu.K.V said...

എല്ലാ സ്വപ്നങ്ങളും ഇതുപോലെ സഫലമാകട്ടെ..

ശ്രീ said...

"ഡോക്റ്റര്‍ പാക്കിസ്ഥാന്‍ എന്നു പറഞ്ഞ്
ചിരിച്ചതിന്റെ അര്‍ഥം അപ്പോഴാണു ഞങ്ങള്‍ക്ക് മനസ്സിലായത്"

അപ്പോ അതു തന്നെ കാര്യം. ;) ചിക്കന്‍ പോക്സ് വന്നപ്പോള്‍ ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു.

latha said...

ഷമ്മി അടിപൊളി.... ഒരു പാട് മഹാന്മാര്‍ ജയിലില്‍ കിടന്നപ്പോള്‍ ആണ് അവരുടെ മാസ്റ്റര്‍ പീസ് എഴുതിയത് അല്ലന്കില്‍ അതുപോലെ ഉള്ള കഷ്ടകാലങ്ങളില്‍ .... അതുപോലെ ഷമ്മി .... കൂടുതല്‍ കൂടുതല്‍ എഴുതാന്‍ .,.... ഞാന്‍ എന്താണാവോ പ്രാത്തിക്കേണ്ടത് ..... ചിക്കന്‍ പോക്സ് നെക്കാളും വലിയ സംഭവങ്ങള്‍ ഉണ്ട്......

അരുണ്‍ കായംകുളം said...

അന്തിക്കളള്‍ മോന്താന്‍ ഞാന്‍ ആദ്യമായിട്ടാ,
തലയ്ക്ക് പിടിച്ചു.
ഹി..ഹി..ഹി
ഇനി ഇടയ്ക്കിടയ്ക്ക് വരാം
(രാത്രിയിലേ വരു,പകല്‍മാന്യനാണേ)
Super!!!

Poochasannyasi said...

ചിക്കന്‍പോക്സ് വന്നാലേ അതിന്റെ സുഖം അരിയുകയുള്ളൂ, രണ്ട് വര്‍ഷം മുന്‍പ് എനിക്കും വന്ന്താ, നല്ലവണ്ണം അനുഭവിച്ചു. പക്ഷേ പിന്നീടുള്ള രണ്ടു മാസം കൊണ്ട് , കഠിന പ്രയോഗം കൊണ്ട് ഞാന്‍ പഴയതിനേക്കാള്‍ സുന്ദരനായി എന്നു പറയാം...പിന്നെ ഇത് വരുന്നത് ഭാഗ്യദേവതയുടെ കടാക്ഷം ആണ്‍ എന്നാണ്‍ മഹാരാഷ്ട്രക്കാര്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒരു മഹാരാഷ്ട്രക്കാരന്‍ ആയതുകൊണ്ടാവാം ക്യത്യം 6 മാസം കഴിഞ്ഞപ്പോള്‍ എനിക്ക് കല്ല്യാണം കഴിക്കാനുള്ള മഹാ ഭാഗ്യം ഉണ്ടായി. ധാരാളം സ്വത്തും വിദ്യാഭാസവും ഒക്കെ ഉള്ള ഒരു മഹാരാഷ്ട്രപെണ്ണിനെ തന്നെ എനിക്ക് കിട്ടി. ( കല്ല്യാണം കഴിഞ്ഞുള്ള മഹാ ഭാഗ്യം ഞാന്‍ ഇവിടെ വിവരിക്കുന്നില്ല !!) അപ്പൊ , പറഞ്ഞു വന്നത് , ഷമ്മികുട്ടാ, നിനക്കും എന്തോ ഭാഗ്യം വരാന്‍ പോകയാണ്‍. അതുകൊണ്ട് സന്തോഷമായി ഇരിക്കുക, പിന്നെ സഹമുറിയനു കൂടി വരാന്‍ പ്രാര്‍ഥിക്കുക, അവനും വരട്ടെ ഒരു മഹാ ഭാഗ്യം....

ജോസ്‌മോന്‍ വാഴയില്‍ said...

അളിയാ..., ലേറ്റ് ആയി പോയെടാ... ഇപ്പോഴാ കണ്ടത്...!! സാരമില്ലാ... ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയിട്ടു വന്നിരിക്കണു ഞാൻ...!!

ങ്ഹാ... അപ്പോ പറഞ്ഞു വന്നത് ചിക്കൻ പോക്സ്...!! എനിക്കിപ്പോഴും മനസിലാവാത്തത്... ഈ പണ്ടാരത്തിനെന്തിനാണാവോ ഇങ്ങനെ ഒരു പേരിട്ടിരിക്കുന്നത് എന്നതാണ്...!! ചിക്കൻ = കോഴി. പോക്സ്.. ഫോക്സ് = കുറുക്കൻ... ആ... എനിക്കൊന്നും മനസിലായില്ല... ഇതിന്റെ അർത്ഥം കൂടി അളിയൻ തന്നെ കണ്ടുപിടി...!!

പിന്നെ.. അളിയാ... ഒന്നു പറയണോല്ലോ... സൂപ്പർ വിവരണം.... കലക്കി...!!!

കനല്‍ said...

സൂപ്പറാടാ....
ചിക്കന്‍പോക്സല്ല

നെന്റെ യീ വിവരണം.

മരുന്നിനെ കാട്ടിലും ചിലവാണെന്നാ കേട്ടത്,
ഈ പാടൊക്കെ മാറാന്‍ നീ ഉപയോഗിക്കാന്‍ പോകുന്ന സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ചിലവ്.
(ഞാന്‍ നിന്റെ ശത്രുവൊന്നും അല്ലല്ലോ? )

മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

പി.സി. പ്രദീപ്‌ said...

ങാഹ... ഷമ്മി എന്ന ഫ്രേം ഇതാണല്ലേ.
എന്നാ ഒരു ഗ്ലാസ്സ് എടുക്ക്.ഇരിക്കാം:)

jamesbright said...

നല്ലവിവരണം. വീണ്ടും വരാം.
എത്രയും വേഗം ചിക്കന്‍ പോക്സ് മാറട്ടേയെന്ന് ആശംസിക്കുന്നു.

പ്രദീപൻസ് said...

കഴിഞ മാസം എനിക്കും ഇതു വന്നിരുന്നു പക്ഷെ ഞാൻ മരുന്നൊന്നും കഴിചില്ല....എന്തായാലും നന്നായി അസ്ഖം അല്ല എഴുത്

ㄅυмα | സുമ said...

കൂതറ ആണെന്ന് ഡോക്ടര്‍ക്കും മനസ്സിലായിക്കാണും... :D

എന്നിട്ട് ചിക്കന്‍ പോക്സിനു അവസാനം ക്ഷയ രോഗം പിടിച്ചോ? :-/

അടുത്ത പോസ്റ്റ്‌??

കൊട്ടോട്ടിക്കാരന്‍... said...

അന്തിക്കള്ളുമോന്താന്‍ അറിയാത്ത ആ പയ്യനെ ആരാ ഇവിടെ കയറ്റിയത് ?
കാര്യം ചിക്കന്‍പോക്സാണേലും ചിക്കനുള്ളതുകൊണ്ട് കുഴപ്പമില്ല... വളരെ നന്നായി...

കടിഞൂല്‍ പൊട്ടന്‍ said...

അങ്ങാടിയില്‍ തോറ്റതിനു അമ്മയോടോ..?? ഒരു ചിക്കന്‍ പോക്സ് വന്നൂന്നു കരുതി ഇമ്മാതിരി പോസ്റ്റിങ്ങിന്റെ വല്ല കാര്യവും ഉണ്ടാ...?? എന്തായാലും വിവരണം കലക്കന്‍ ... വായിച്ചപ്പോള്‍ ഒരു ചിക്കന്‍ പോക്സ് വന്ന ഫീലിംഗ് എല്ലാം വന്നു.. ഇനീപ്പൊ അടുത്ത പോസ്റ്റ് വരാന്‍ വീണ്ടും ചിക്കന്‍ വരാന്‍ പ്രാര്‍ത്ഥിക്കണോ..??

Ifthikhar said...

കൊച്ച് ഗള്ളാ .....
ഇങള് ശരിക്കും സിന്‍ഗം തന്നെ ... നമ്മ ഇപ്പല്ലേ ഗാണുന്നത്‌..

മനു said...

കള്ളിന് നല്ല മധുരമുണ്ട് , നാടന്‍ തെങ്ങിന്റെ ഇളം കള്ളാണ് എന്ന് തോന്നുന്നു

വശംവദൻ said...

"പണിയൊന്നും ചെയ്യാതെ മുറിക്കുള്ളില്‍ ഉണ്ടുറങ്ങിയുള്ള ജീവിതം. എന്റെ സ്വപ്നമായിരുന്നു.
ഇത്ര വേഗം സഫലമാകുമെന്ന് കരുതിയില്ല."

:)

തകർപ്പൻ എഴുത്ത്‌ !

ഒത്തിരി ലേറ്റ്‌ ആയിട്ടാണ്‌ ഇവിടെ എത്തിയത്‌. അല്ലെങ്കിലും, കള്ള്‌ മൂക്കും തോറും ദതിന്റെ ദിത്‌ കൂടുമെന്നല്ലേ?

ആശംസകൾ

Sureshkumar Punjhayil said...

Shariyanu, Ake prashnam thanne... Manoharam, Ashamsakal...!!!

കൊലകൊമ്പന്‍ said...

പോസ്റ്റ്‌ കൊള്ളാം .. ഇനിയും പോരട്ട്

ചിക്കന്‍ പോക്സിനൊക്കെ വിവേകം വച്ചു തുടങ്ങി.. ആളുകളെ ശരിക്കും നോക്കിയാണ് കയറിപ്പിടിക്കുന്നത്

Sirjan said...

athey maariyo?..

comment idaamo ?..

ini ath kondu eniku pakaraan valla chance um undo ..?

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഷമ്മി കൊള്ളാം ,സംഗതികൾ ഒക്കെയുള്ള എഴുത്ത് തന്നെ...കേട്ടൊ

ജിജോസ് said...

ആരോഗ്യം തിരിച്ചുകിട്ടിയെന്നു കരുതുന്നു ...
ചിക്കെന്‍ പോക്സ് വന്ന് വെറുതെ ഇരിക്കുന്നതിനിടയിലാണ് ഞാന്‍ ഇവിടെ എത്തപ്പെട്ടത് ..
ഒരാഴ്ച ആയിട്ടെ ഉള്ളൂ ... അതുകൊണ്ട് ബ്ലു ലോകത്ത് കറങ്ങി നടക്കലാണ് പണി ..
ചിക്കന്‍ പോക്സ് വന്നവരെ ബ്ലോഗിലൂടെ വിസിറ്റ് ചെയ്യലാണ് ലക്‌ഷ്യം ..
( ചിക്കന്‍ വിശേഷങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട് ... )